ന്യൂഡൽഹി: കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയിൽ അവസാന തർക്കം അഞ്ചു സീറ്റുകളിൽ ഒതുങ്ങി. കണ്ണൂർ, കോന്നി, പെരുന്പാവൂർ, ചടയമംഗലം, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അന്തിമതീരുമാനം വൈകിച്ചത്.
മുപ്പതു സീറ്റിൽ വേഗം ഒറ്റപ്പേരുകളായെങ്കിലും പട്ടാന്പി, വടക്കാഞ്ചേരി, ഉടുന്പഞ്ചോല അടക്കം ചില സീറ്റുകളിലും തർക്കമുണ്ടായത് ഇന്നലെ രാവിലെയോടെ പരിഹരിച്ചു.
കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫിന് ഏറ്റവും അനുകൂല സാഹചര്യമുണ്ടായിട്ടും കോണ്‍ഗ്രസിലെ പ്രശ്നം വഷളായതിൽ കോണ്‍ഗ്രസ് പ്രവർത്തകരും ഘടകകക്ഷി നേതാക്കളും പ്രവർത്തകരും വിഷമത്തിലാണ്. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുന്നതാണു പ്രശ്നങ്ങളെന്ന് ഒരു മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
സുധാകരനെപ്പോലൊരു നേതാവിനെ പിണക്കുന്നതു കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണു പൊതുവേയുള്ളതെന്ന് നേതാവ് ചൂണ്ടിക്കാട്ടി.
സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ, ബിജെപിയുടെ നേരിട്ടോ പരോക്ഷമായോ തന്ത്രപരമായ പിന്തുണ ഉണ്ടാകുമെന്നതാണു കൂടുതൽ പ്രശ്നമെന്നും കോണ്‍ഗ്രസിലെതന്നെ ഒരു വിഭാഗം ഭയപ്പെടുന്നു.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനം വലുപ്പ- ചെറുപ്പമില്ലാതെ എല്ലാവരും അംഗീകരിക്കണമെന്നതാണ് ഹൈക്കമാൻഡ് നിലപാട്. നിയമസഭയിലേക്കു മത്സരിക്കാൻ ഒന്‍പത് എംപിമാർ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എംപിമാർ ആരും മത്സരിക്കേണ്ടെന്ന തീരുമാനത്തിനു പിന്നിൽ കേരളത്തിലെ ചില നേതാക്കളാണെന്നു സുധാകരൻ സംശയിക്കുന്നു. കഴിഞ്ഞ ലോക്സഭയിൽ മത്സരിക്കില്ലെന്നു പറഞ്ഞ തന്നെ നിർബന്ധിച്ചു സ്ഥാനാർഥിയാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നൽകാമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉറപ്പു നൽകിയതാണെന്നും സുധാകരൻ അവകാശപ്പെട്ടു.